വിവരാവകാശ നിയമം 2005
ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം പൗരന്മാരെ ശാക്തീകരിക്കുക, ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക, അഴിമതി തടയുക, നമ്മുടെ ജനാധിപത്യത്തെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക, ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക. ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൗരന്മാരെ അറിയിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ഈ നിയമം.

  • വിവരാവകാശ ഉദ്യോഗസ്ഥർ
  • നിയമം നടപ്പിലാക്കൽ
  • ഫീസ് നിരക്ക്