സ്കിൻ & ഹെയർ കെയർ ക്ലിനിക്
ഇന്നത്തെ കാലഘട്ടത്തിൽ ജനസംഖ്യയുടെ ഉയർന്ന അനുപാതത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ത്വക്ക്, മുടി എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ. ഇന്നത്തെ ജീവിതശൈലി, തെറ്റായ ഭക്ഷണ ശീലങ്ങൾ, അനുചിതമായ പോഷകാഹാരം എന്നിവ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നു.
ഇന്നത്തെ കാലത്ത് ചർമ്മത്തെയും മുടിയെയും കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാണ്. കൂടാതെ അവരുടെ വ്യക്തിത്വ രൂപീകരണത്തിലും അതിനു വലിയൊരു പങ്കുണ്ട്.അതിനാൽ ഇന്നത്തെ കാലഘട്ടത്തിൽ ചർമ്മത്തിനും മുടി സംരക്ഷണത്തിനും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. അത് കണക്കിലെടുത്താണ് 2019-20 മുതൽ ഇരിങ്ങാലക്കുട എ.വി.എം ഗവ ആയുർവേദ ആശുപത്രിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയത്.
മുടി കൊഴിച്ചിൽ, അകാല നര, താരൻ, ഇന്ദ്രലുപ്തം, മുഖക്കുരു, വെള്ള പാണ്ട് , മുഖത്തെ കറുത്ത പാടുകൾ തുടങ്ങിയവ ഇന്ന് യുവ ജനങ്ങളിൽ ഏറ്റവും സാധാരണമാണ്, ഇത് ആളുകൾക്കിടയിൽ സമ്മർദ്ദവും അപകർഷതാബോധവും ഉണ്ടാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി മരുന്നുകൾ നൽകുന്നതോടൊപ്പം ശിരോഭ്യംഗം, ശിരോധാര, നസ്യം, മുഖാഭ്യംഗം, മുഖലേപം മുതലായ ബാഹ്യ ക്രിയാക്രമങ്ങളും നൽകി വരുന്നു.കൃത്യമായ ഇടവേളകളിൽ രോഗികളുടെ വിലയിരുത്തലും നടന്നു വരുന്നു .ചെലവ് കുറഞ്ഞതും ആധികാരികവുമായ ആയുർവേദ ചികിത്സകൾ നൽകിക്കൊണ്ട് ത്വക്ക്, മുടി എന്നിവയെ ബാധിക്കുന്ന വിവിധ രോഗങ്ങളെയും അത് മൂലം ആളുകൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദത്തെയും ഈ പദ്ധതിയിലൂടെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.