വായോ അമൃതം പദ്ധതി (എസ്. സി .പി)
പട്ടികജാതി വിഭാഗത്തിൽപ്പെട്ട 55 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ വിവിധ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ധനസഹായത്തോടെ സുൽത്താൻ ബത്തേരി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നടത്തി വരുന്ന പദ്ധതിയാണ് എസ്. സി .പി വയോ അമൃതം പദ്ധതി. പ്രസ്‌തുത പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഫണ്ട് 2 ലക്ഷം രൂപയാണ് . എസ്.സി.പി വയോ അമൃതം പദ്ധതിക്ക് കീഴിൽ ഏകദേശം 50 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട് .കൊറോണ മഹാമാരി കാരണം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന ഈ സമയത്ത് പല രോഗികൾക്കും ഈ പദ്ധതി വളരെയധികം സഹായമായിട്ടുണ്ട് .
പദ്ധതിയുടെ ഭാഗമായി എല്ലാ ഗുണഭോക്താക്കൾക്കും എസ്. സി. പി വയോ അമൃതം ഹെൽത്ത് കാർഡുകൾ നൽകിയിട്ടുണ്ട്. അതിൽ അവരുടെ എല്ലാ രോഗാവസ്ഥകളും ആരോഗ്യ നിലയും രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും ആശുപത്രി സന്ദർശന വേളയിൽ അവരവരുടെ ഹെൽത്ത് കാർഡ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. അടുത്ത അവലോകന തീയതി അവരുടെ കാർഡുകളിൽ അടയാളപ്പെടുത്തും. സുൽത്താൻ ബത്തേരി താലൂക്ക് ആയുർവേദ ആശുപത്രിയിൽ വച്ച് സമഗ്രമായ ആരോഗ്യ പരിശോധന നടത്തിയതിനു ശേഷം രോഗികൾക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ നൽകി വരുന്നു . ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ജനറൽ ഡെബിലിറ്റി, ഹൈപ്പർടെൻഷൻ, ഡിസ്പെപ്സിയ, മലബന്ധം, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്ന പ്രായമായവർക്ക് വയോ അമൃതം പദ്ധതി വളരെയധികം പ്രയോജനകരമാണ്. കോറോണ മഹാമാരിയുടെ തീവ്ര വ്യാപനം നടന്നിരുന്ന കാലഘട്ടത്തിൽ പ്രായമായവരുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിച്ചു കൊണ്ട് ആരോഗ്യ സംരക്ഷണം നടത്തുന്നതിൽ സുൽത്താൻ ബത്തേരി നഗരസഭയുടെ എസ്. സി. പി വയോ അമൃതം പദ്ധതി വലിയ പങ്കു വഹിച്ചിട്ടുണ്ട്.