ആരോഗ്യ മിഠായി

 എടച്ചേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട്

ലോകം എമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിലും ജീവിതചര്യയിലും വലിയ മാറ്റങ്ങൾ കോവിഡിനൊപ്പം വന്നു ചേർന്നിരിക്കുന്നു .സാമൂഹിക സാംസ്കാരിക സാമ്പത്തീക മേഖലകളിൽ സാധാരണ ജീവിതം എന്നതിന്റെ നിർവചനം പോലും മാറിപ്പോയിരിക്കുന്നു .മാസങ്ങളോളം നീണ്ടുനിന്ന അടച്ചിടലുകളും യാത്രാവിലക്കുകളും ഏറ്റവും അധികം ബാധിച്ചത് നമ്മുടെ കുട്ടികളെ തന്നെയാണ് .

ബന്ധങ്ങളുടെ ആഴവും ദൃഡതയും കുറയുക ,സമൂഹ ഇടപെടലുകൾക്കുള്ള അവസരങ്ങൾ ഇല്ലാതാവുക ,വ്യായാമം ,ഉറക്കം ,ആഹാരം എന്നിവയുടെ ക്രമം തെറ്റൽ തുടങ്ങി കുട്ടിയുടെ ശാരീരിക മാനസീക ആരോഗ്യത്തെ സാരമായി ബാധിയ്ക്കുന്ന നിരവധി കാരണങ്ങൾ കോവിഡിന്റെ അനന്തരഫലം എന്ന വണ്ണം സംഭവിക്കുകയുണ്ടായി

ഇവയെ കൃത്യമായി പഠിച്ച്‌ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം കാണത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത് .18 വയസ്സിൽ താഴെ പ്രായമുള്ളവരെയും രക്ഷിതാക്കളെയും പുതിയ സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തരാക്കി തീർക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യ മിഠായിക്കുള്ളത് .മാത്രമല്ല കുടുംബത്തിലെ നിരവധി പ്രശ്നങ്ങളിലൂടെ അനുദിനം കടന്നുപോകുന്ന ഇവരുടെ രക്ഷിതാക്കളെ സഹായിക്കാനും ഉത്തമ രക്ഷിതാവ് ആകാനും പദ്ധതി സഹായിക്കും .കുട്ടികൾക്ക് മാത്രമായുള്ള ഓ .പി ,ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ യോഗ ക്ലാസ്സ് ,കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്‌ളാസ്സുകൾ ,നല്ല ഭക്ഷണം,ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ലഖുലേഖകൾ തയ്യാറാക്കി വിതരണം ചെയ്യൽ എന്നിവ എല്ലാം പദ്ധതിയുടെ ഭാഗമാണ് .

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്‌പന്ദനം പ്രോജെക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിപാലനവും ഈ പ്രോജെക്ടിൽ നൽകി വരുന്നു .പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള സമിതി പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി വരുന്നു.