സ്‌പന്ദനം

സ്‌പന്ദനം

കോഴിക്കോട് ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് കുട്ടികൾക്ക് വേണ്ടി പ്രത്യേകിച്ച് അവരുടെ സംഭാഷണ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ (ഓട്ടിസം, എ .ഡി .എച്ച് .ഡി മുതലായവ)ശരീര -ബുദ്ധി -മാനസീക വികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഭാഷ ഉച്ചാരണ പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കുകയും ചികിത്സിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2013 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്‌പന്ദനം. ഇതുവരെ ഏകദേശം ഒരു ലക്ഷത്തി അറുപത്തിനായിരത്തിൽ അധികം കുട്ടികൾ ഈ പദ്ധതിയുടെ ഭാഗഭാക്കായി പ്രയോജനം നേടിയിട്ടുണ്ട്. ഭിന്ന ശേഷിക്കാരായ കുട്ടികളെ പൊതുധാരയിലേക്ക് സ്വീകരിക്കാൻ സമൂഹം ഏറെ മടിച്ചിരുന്ന കാലത്ത് ഇത്തരത്തിലുള്ള മഹത്തായ ഒരു ഉദ്ദേശ ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് സ്‌പന്ദനം. ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കുട്ടികളുടെ എല്ലാ വിധ പ്രശ്നങ്ങളും പൂർണമായി മനസ്സിലാക്കി സമൂഹ ജീവിതത്തിലും മറ്റു മേഖലകളിലും സ്വന്തം കാര്യങ്ങൾ ചെയ്യാനും അവരെ പ്രാപ്തരാക്കുക, അവരുടേതായ രീതികളിൽ സമൂഹത്തിനു വേണ്ടി സേവനം ചെയ്യാൻ തയ്യാറാക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

പ്രധാന ആയുർവേദ ചികിത്സയോടൊപ്പം ഫിസിയോതെറാപ്പി, ഒക്കുപേഷണൽ തെറാപ്പി,ക്ലിനിക്കൽ യോഗ സ്പീച്ച് തെറാപ്പി, ലേർണിംഗ് അസ്സെസ്സ്മെന്റ് ആൻഡ് റെമിഡിയിൽ ട്രെയിനിങ് എന്നിവ കൂടി ചേർന്നതാണ് സ്‌പന്ദനം. ഓരോ കുട്ടിയേയും വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ദ്ധ ഡോക്ടർമാർ ഇതിൽ ഏതൊക്കെ ഘടകങ്ങൾ വേണമെന്ന് തീരുമാനിക്കുക. ഈയൊരു വ്യക്ത്യധിഷ്ഠിത സംയോജിതചികിത്സാ സമീപനം കൊണ്ട് തന്നെ സ്പന്ദനം ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പദ്ധതിയുടെ പ്രധാന കേന്ദ്രം എ.സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദ ചൈൽഡ് & അഡോളസെന്റ് കെയർ സെന്റർ, പുറക്കാട്ടിരി, തലക്കുളത്തൂർ, കോഴിക്കോട് ജില്ലാ ആണ്.

ഭാരതീയ ചികിത്സാ വകുപ്പിന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റേയും സാമ്പത്തീക സഹകരണത്തിൽ ആണ് ഈ ചികിത്സാകേന്ദ്രം രൂപം കൊണ്ടത്. ഇതിനു പുറമെ ജില്ലയിലെ മറ്റ് ഒൻപത് ആയുർവേദ സ്ഥാപനങ്ങളിലൂടെയും സ്പന്ദനത്തിന്റെ സേവനം ലഭ്യമാണ്. ആഴ്ചയിൽ ഒരു ദിവസം രണ്ടാഴ്ചയിൽ ഒരു ദിവസം എന്ന ക്രമത്തിൽ ഡോക്ടർമാരുടെയും ചികിത്സാക്രമങ്ങൾ ചെയ്യുന്നവരുടെയും സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകി വരുന്ന സാമ്പത്തീകവും സാമ്പത്തികേതരവുമായ പൂർണ പിന്തുണ പദ്ധതിയുടെ വിജയത്തിന്റെ പ്രധാന കാരണം ആണ്. കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ പഠനത്തിൽ ഈ പദ്ധതി വളരെ അധികം പ്രയോജനപ്രദം ആണെന്ന് കണ്ടെത്തുകയും ആയതിനാൽ വളരെ ആശാവഹമായ ഒരു റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി, സ്റ്റേറ്റ് പ്ലാനിങ് ബോർഡ് എന്നിവർക്ക് സമർപ്പിക്കുകയുണ്ടായി.

റിപ്പോർട്ടിലെ ഒരു നിർദേശം ഈ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണം എന്നതാണ്. മറ്റൊന്ന് ഭാവിയിൽ സ്പന്ദനം ഒരു ഗവേഷണ പദ്ധതിയായി വികസിപ്പിക്കണം എന്നതാണ്. 2019 ലെ അന്തർദേശീയ ആയുഷ് കോൺക്ലേവിൽ എൽ.എസ്.ജി.ഡി പ്രൊജക്റ്റ് അവതരണ വിഭാഗത്തിൽ ഏറ്റവും മികച്ച പ്രൊജക്റ്റ് ആയി സ്പന്ദനം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

Image
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.

സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്

  • ~Saturday 15 March 2025.

സന്ദർശക കൗണ്ടർ

025649
Copyright © 2025 Indian Systems of Medicine. Designed and Developed by Keltron Software Group