
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ചില വൈകല്യങ്ങൾ മൂലം ദീർഘകാലം നീണ്ടുനിൽക്കുന്നതും പ്രധാന ലക്ഷണങ്ങൾ തൊലിപ്പുറത്ത് കാണപ്പെടുകയും ചെയ്യുന്ന ഒരു രോഗമാണ് സോറിയാസിസ്. രോഗപ്രതിരോധ സംവിധാനത്തിലെ ഈ അപാകതയ്ക്ക് പിന്നിൽ ചില ജനിതക കാരണങ്ങൾ കൂടി ഉണ്ട്. എന്നാൽ ഇതൊരു പകർച്ച വ്യാധിയല്ല. ചർമത്തിൽ ചുവപ്പ് നിറത്തിലും ചൊറിച്ചിലോടുകൂടിയും ഉണ്ടാകുന്ന ശൽക്കങ്ങൾ ഇതിന്റെ പ്രധാന ലക്ഷണമാണ്. ശരീരത്തിന്റെ പുറം ഭാഗം, കൈ മുട്ടുകൾ, കാൽമുട്ടുകൾ, പാദം, ഉള്ളം കൈ, മുഖം എന്നിവിടങ്ങളിൽ രോഗം കൂടുതലായി കാണപ്പെടുന്നു.
ആഴ്ചകളോളം അതിതീവ്രലക്ഷണങ്ങളും പിന്നീട് ഒന്ന് കുറയുകയും അതിന് ശേഷം തീവ്രത പ്രാപിക്കുകയും ചെയ്യുന്ന ഒരു ചാക്രീക രീതി ഈ വ്യാധി പ്രകടിപ്പിക്കുന്നു .ലക്ഷണങ്ങളും അതിന്റെ തീവ്രതയും ഓരോരുത്തരിലും വ്യത്യാസപ്പെടാം എങ്കിലും ചുവന്ന പാടുകൾ, വെള്ളി നിറത്തിലുള്ള ശൽക്കങ്ങൾ ചർമ്മത്തിൻറെ രൂക്ഷത, രക്തം പൊടിയിൽ, ചൊറിച്ചിൽ, പുകച്ചിൽ, കട്ടി കൂടിയതോ, കുഴിഞ്ഞതോ വരമ്പുകൾ ഉള്ളതോ ആയ നഖങ്ങൾ, സന്ധികളിലെ വീക്കം, പിടുത്തം എന്നിവ സർവ്വസാധാരണമായി സോറിയാസിസ് രോഗികളിൽ കണ്ടുവരുന്നു. ഏത് പ്രായത്തിലും ലക്ഷണങ്ങൾ പൊട്ടിപ്പുറപ്പെടാം എങ്കിലും 20 -30 വയസ്സ് അല്ലെങ്കിൽ 50 -60 പ്രായത്തിൽ ആണ് കൂടുതൽ പേരിലും രോഗലക്ഷണങ്ങൾ ആദ്യമായി കാണാറ്. തണുപ്പ്, ചൂട് തുടങ്ങിയ ബാഹ്യകാരണങ്ങളും മുറിവ്, ചതവ്, വിഷാദം, പുകവലി, മദ്യപാനം പോലുള്ള ചില ഘടകങ്ങളും രോഗ ജനനത്തിനും വർദ്ധനവിനുമൊക്കെ പ്രേരണ ചെലുത്തുന്നുണ്ട്.
എല്ലാവരിലും പൂർണ്ണമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒരു രോഗമല്ലെങ്കിൽ കൂടി ആയുർവേദ ചികിത്സയിലൂടെ ലക്ഷണങ്ങൾക്കും രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും വലിയ രീതിയിൽ തന്നെ ശമനം നൽകാനും സാധിയ്ക്കുന്നു. സോറിയാറ്റിക് ആർത്രൈറ്റിസ്, ഹൃദ്രോഗം, വിഷാദം എന്നിവയിൽ നിന്ന് ഒരു പരിധിവരെ രക്ഷ നൽകാനും ആയുർവേദ ചികിത്സയിലൂടെ കഴിയുന്നുണ്ട്.
ഓ പി ലെവൽ ചികിത്സാ, പഞ്ചകർമ്മ ചികിത്സ പോലുള്ള കിടത്തി ചികിത്സാമാർഗങ്ങൾ, ജീവിതരീതിയിലും ഭക്ഷണശൈലിയിലും കൊണ്ടുവരേണ്ടുന്ന രോഗത്തിന് അനുസൃതമായ മാറ്റങ്ങൾ, ധ്യാനം, മാനസീക പിന്തുണ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗങ്ങൾ ആണ്. കൃത്യമായ ജീവിത - ഭക്ഷണ ശീലങ്ങൾ തുടർന്ന് കൊണ്ട് ആയുർവേദ ചികിത്സ എടുക്കുന്ന രോഗികളിൽ രോഗത്തിന്റെ പുനരാഗമന തോത് വലിയ രീതിയിൽ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
